
ഇന്ത്യൻ അതിർത്തിക്കപ്പുറത്ത് പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ വിവരങ്ങളും നീക്കങ്ങളും കൃത്യസമയത്ത് എത്തിക്കുന്നത് സൈനിക ഉപഗ്രഹങ്ങളാണെന്ന് ഐഎസ്ആർഒ വക്താവ്. പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങൾ ഉപഗ്രഹങ്ങൾ തല്‍സമയം പകർത്തി രാപകലില്ലാതെ ഇന്ത്യൻ സൈന്യത്തിനു എത്തിക്കുന്നുണ്ട്‍.
പിഒകെയിൽ നിന്നുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും സൈന്യത്തിനു കൈമാറുന്നുണ്ട്. എന്നാൽ എന്തെല്ലാം കൈമാറുന്നുണ്ടെന്ന വിവരം ഔദ്യോഗിക വെളിപ്പെടുത്തൽ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികാവശ്യങ്ങൾക്കായുള്ള കാർട്ടോസാറ്റ് ആണ് വിവരങ്ങള്‍ കൈമാറുന്നത്. കാർട്ടോസാറ്റ്-2എ നേരത്തെ തന്നെ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കാർട്ടോസാറ്റ് 2സി ഈ വർഷമാണ് വിക്ഷേപിച്ചത്.
സൈനിക ഉപഗ്രഹങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ സൈനികാവശ്യത്തിനു ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും കിടപിടിക്കാൻ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ബഹിരാകാശത്തു നിലവിലുള്ളതിൽ ഏറ്റവും മികച്ച സൈനിക ഉപഗ്രഹങ്ങളിലൊന്നാണ് കാർട്ടോസാറ്റ്-2സി.
മറ്റു രാജ്യങ്ങളിൽ നിന്നുളള മിസൈൽ ആക്രമണങ്ങളെ മുൻകൂട്ടി അറിയിക്കാനും ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും. മിസൈൽ വിക്ഷേപിക്കാനും നേരിടാനും കാർട്ടോസാറ്റ്–2എ ഉപയോഗിക്കുന്നുണ്ട്. കാർട്ടോസാറ്റ്–2സി നിന്നു ലഭിക്കുന്നത് മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ്. ഈ വിഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചാണ് പാക്കിസ്ഥാന്റെ ഓരോ നീക്കങ്ങളെയും സൈന്യം മുൻകൂട്ടി മനസ്സിലാക്കുന്നത്.
പാക്കിസ്ഥാനിലെ ഓരോ ഭീകരക്യാംപും ഇന്ത്യൻ സാറ്റലൈറ്റുകൾ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കമാൻഡോ ദൗത്യത്തിന്റെ വിഡിയോയും സാറ്റലൈറ്റ് വഴിയാണ് ഡൽഹിയിൽ എത്തിച്ചിരുന്നത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഘമാണു കാർട്ടോസാറ്റ്-2സി വികസിപ്പിച്ചെടുത്തത്. ബഹിരാകാശത്തു നിന്നു ഭൂമിയെ വീക്ഷിക്കുകയെന്നതാണു കാർട്ടോസാറ്റ്-2സി സാറ്റലൈറ്റിന്റെ പ്രഥമ ദൗത്യം.
പ്രഥമ സൈനിക ഉപഗ്രഹം കാർട്ടോസാറ്റ്-2എ 2007 ലാണ് ഇന്ത്യ വിക്ഷേപിച്ചത്. അയൽരാജ്യങ്ങൾ നടത്തുന്ന സൈനികനീക്കങ്ങളും മിസൈൽ അനുബന്ധിത പരീക്ഷണങ്ങളും രാജ്യത്തെ അറിയിക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക സ്വാധീനം ചെലുത്തി വരുകയാണിപ്പോൾ. കാർട്ടോസാറ്റ് സീരിസിലെത്തുന്ന പുതിയ ഉപഗ്രഹത്തിന്റെ ദൗത്യം ഇതിന്റെ തുടർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ മികച്ചതാണു പുതിയ ഉപഗ്രഹമെന്നും അതിനാൽ കാർട്ടോസാറ്റ്-2എ ഉപഗ്രഹത്തെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന പെർഫോമൻസ് പ്രതീക്ഷിക്കാമെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഔദ്യോഗിക വിവരമനുസരിച്ച് 690 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ശക്തിയേറിയ പാൻക്രോമറ്റിക് ക്യാമറയാണുള്ളത്. അതിനാൽ ഉയർന്ന ഗുണമേന്മയുള്ളതും വളരെ കൃത്യതയാർന്ന ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയയ്ക്കുന്നു. പഴയ ക്യാമറയിൽ 0.8 മീറ്റർ റസലൂഷൻ ക്യാമറയാണുപയോഗിച്ചിരുന്നത്. 0.65 മീറ്റർ റസലൂഷൻ ക്യാമറയാണു പുതിയ ഉപഗ്രഹത്തിലുള്ളത്. ഇതു മൂലം ചെറിയ വസ്തുക്കളുടെ ചിത്രങ്ങളും വിഡിയോയും കൂടുതല്‍ മികവോടെ ബഹിരാകാശത്തു നിന്നു പകർത്താനാകുന്നു.
വിഡിയോ പകർത്തുന്നതിനും ചെറിയ ഫയലുകളാക്കി ഭൂമിയിലേക്ക് അയയ്ക്കുന്നതിനും ക്യാമറയ്ക്കാകും. മറ്റ് 21 ഉപഗ്രഹങ്ങൾക്കൊപ്പമാണ് കാർട്ടോസാറ്റ്-2സി വിക്ഷേപിക്കുന്നത്. ഭൗമതലത്തിൽ നിന്ന് 200 മുതൽ 1200 കിലോമീറ്റർ അകലത്തിലുള്ള ഗ്രഹണപഥത്തിലാണ് സാറ്റലൈറ്റ് സ്ഥിതിചെയ്യുന്നത്.
No comments:
Post a Comment