Friday, 28 October 2016

ഒറ്റ വിക്ഷേപണത്തിൽ 83 ഉപഗ്രഹം; റെക്കോർ‍ഡ് ലക്ഷ്യമിട്ട് ഐഎസ്ആർഒ





ചെന്നൈ ∙ ഒറ്റ വിക്ഷേപണത്തിൽ 83 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഐഎസ്ആർഒ ഒരുങ്ങുന്നു. രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി വിക്ഷേപണം അടുത്തവർഷം ആദ്യപാദത്തിൽ നടക്കും. വിദേശ ഉപഗ്രഹങ്ങളിൽ ഭൂരിപക്ഷവും നാനോ ഉപഗ്രഹങ്ങളാണ്. എല്ലാറ്റിനുംകൂടി ഭാരം 1600 കിലോയോളം.

ഒരേ ഭ്രമണപഥത്തിൽ തന്നെയാവും എല്ലാ ഉപഗ്രഹങ്ങളുമെത്തിക്കുകയെന്ന് ഐഎസ്ആർഒയുടെ വാണിജ്യസ്ഥാപനമായ ആൻട്രിക്സ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാകേഷ് ശശിഭൂഷൺ പറഞ്ഞു. എല്ലാ ഉപഗ്രഹങ്ങളും വേർപ്പെടുത്തുന്നതു വരെ വിക്ഷേപണ വാഹനം ഒരേ ഭ്രമണപഥത്തിൽ തന്നെ തുടരുകയെന്നതാണ് ഇതിലെ വെല്ലുവിളി. അതുകൊണ്ടുതന്നെ വിക്ഷേപണ വാഹനത്തിന്റെ മൂന്നാം ഘട്ടത്തിലെ എൻജിൻ പ്രവർത്തനം നിർത്തിയശേഷം വീണ്ടും ജ്വലിപ്പിക്കേണ്ട ആവശ്യമില്ല.

എക്സ്എൽ വിഭാഗത്തിലുള്ള പിഎസ്എൽവിയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക. ഒറ്റവിക്ഷേപണത്തിൽ ഒന്നിലേറെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നത് ഐഎസ്ആർഒയ്ക്കു പുതുമയല്ല. ഒരേ വിക്ഷേപണത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിലും ഐഎസ്ആർഒ ഉപഗ്രഹങ്ങളെത്തിച്ചിട്ടുണ്ട്. ഒറ്റ വിക്ഷേപണത്തിൽ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ച പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണം 20 ആണ്. 37 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണു നിലവിൽ റെക്കോർഡ്.

ഉപഗ്രഹ വിക്ഷേപണത്തിന് ആൻട്രിക്സ് കോർപറേഷൻ വിവിധ വിദേശ ഏജൻസികളുമായി 500 കോടിയോളം രൂപയുടെ കരാറുണ്ടാക്കിയിട്ടുണ്ട്. 500 കോടി രൂപയുടെ വിക്ഷേപണങ്ങൾക്കായുള്ള ചർച്ചകൾ നടക്കുന്നു. ജിഎസ്എൽവി മാർക് മൂന്നിനു ശക്തി പകരാനുള്ള തദ്ദേശീയ ക്രയോജനിക് എൻജിന്റെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശോധനകൾ നടന്നുവരികയാണ്. ജിഎസ്എൽവി മാർക് മൂന്ന് സജ്ജമായാൽ ഭാരം കൂടിയ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഐഎസ്ആർഒയ്ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ മാറും.

No comments:

Post a Comment