ചൊവ്വയില്‍ ജീവൻ തേടി പോയ പേടകം ദുരൂഹമായി അപ്രത്യക്ഷമായി; അവസാന സിഗ്നൽ ഇന്ത്യയിലേക്ക്, ആശങ്കയോടെ ഗവേഷകർ!
ചൊവ്വയിൽ ജീവനുണ്ടോയെന്നു പരിശോധിക്കാൻ യുറോപ്യൻ സ്പേസ് ഏജൻസി(ഇഎസ്എ) അയച്ച പേടകത്തിലെ നിർണായക ഉപകരണം ലാൻഡിങ്ങിന് ഒരു മിനിറ്റു മുൻപ് ‘നിശബ്ദമായി’. എക്സോമാർസ് 2016 എന്നു പേരിട്ട പേടകത്തിന്റെ ‘ലാൻഡറി’ന് ആണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്നതിന്റെ ഒരുകിലോമീറ്റർ മുകളിൽ വച്ച് ഭൂമിയുമായുള്ള സിഗ്നൽ ബന്ധം നഷ്ടമായത്. രണ്ടുഘട്ടത്തിലായി 140 കോടി ഡോളർ ചെലവ് വരുന്ന പദ്ധതി അവസാനനിമിഷത്തിൽ നിശബ്ദമായതിന്റെ നടുക്കത്തിലാണ് ഗവേഷകർ. ഇഎസ്എയും റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജൻസിയും സംയുക്തമായി നടപ്പാക്കിയ പദ്ധതിയിലെ നിർണായക ലാൻഡറായ ‘ഷിയാപറേലി’ ആണു പരാജയപ്പെട്ടത്. ഈ ലാൻഡറിനെ ഇറക്കാൻ സഹായിക്കുന്ന പരച്യൂട്ട് പ്രതീക്ഷിച്ചതിലും നേരത്തേ അതിനെ കൈവിട്ടതാണ് കാരണമായി കണക്കാക്കുന്നത്.
ചൊവ്വയിലെ നീർചാലുകൾ കണ്ടെത്തിയ പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർഥമാണ് അദ്ദേഹത്തിന്റെ പേര് ലാൻഡറിനു നൽകിയത്. അദ്ദേഹം കണ്ടെത്തിയ ചാലുകളാണ് ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെപ്പറ്റിയുള്ള സംശയത്തിന് ആദ്യമായി ഗവേഷകർക്കിടയിൽ വിത്തിടുന്നതും. ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയെന്നതായിരുന്നു ഷിയാപറേലിയുടെ പ്രധാന ദൗത്യം. പ്രതലത്തിലിറങ്ങിയ കാര്യമായൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. പക്ഷേ നിർണായക ദൗത്യം തന്നെ പരാജയപ്പെട്ടതോടെ 2020ൽ മനുഷ്യനെ ചൊവ്വയിലിറക്കാനുള്ള നീക്കത്തിനു കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്. എന്നാൽ പദ്ധതിയിലെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം വിജയകരമായി ചൊവ്വയെ ഭ്രമണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ചൊവ്വയിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനായുള്ള ‘ട്രെയ്സ് ഗ്യാസ് ഓർബിറ്റർ’ (ടിജിഒ) ആണ് വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. അതേസമയം ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഷിയാപറേലിക്കു കടക്കാനായതു തന്നെ പദ്ധതി വിജയകരമാണെന്നതിന്റെ സൂചനയാണെന്നാണ് ഇഎസ്എ പറയുന്നത്. കാരണം എപ്പോൾ വേണമെങ്കിലും മാറാവുന്ന ചൊവ്വയിലെ ഭീകരകാലാവസ്ഥയെ ഭേദിച്ച് ഉപരിതലത്തിന് ഒരുകിലോമീറ്റർ വരെ ഉയരത്തിൽ എത്തുകയെന്നത് ചെറിയ കാര്യമല്ല.
എന്നിട്ടും ദുരൂഹത ബാക്കി
എന്തായിരിക്കാം ഷിയാപറേലിക്ക് സംഭവിച്ചത്? ഇക്കഴിഞ്ഞ മാർച്ച് 14നാണ് ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്തുകയെന്ന ദൗത്യവുമായി എക്സോമാർസ് പദ്ധതിയിലെ ആദ്യപേടകം പുറപ്പെടുന്നത്. ആകെയുള്ള നാല് പരീക്ഷണ ഉപകരണങ്ങളിൽ രണ്ടെണ്ണം റഷ്യൻ റോസ്കോസ്മോസിന്റേതാണ്. ഏഴുമാസത്തോളമെടുത്ത് 49.6 കോടി കിലോമീറ്റർ സഞ്ചരിച്ച് പ്രതീക്ഷിച്ചതു പോലെത്തന്നെ ഒക്ടോബർ 19ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തുകയും ചെയ്തു. തന്ത്രപ്രധാനമായ നീക്കത്തിലൂടെ ട്രെയ്സ് ഗ്യാസ് ഓർബിറ്ററിനെ വിന്യസിച്ചു. മൂന്നുദിവസം മുൻപ് ചൊവ്വയുടെ ഉപരിതലത്തിന് 100 കിലോമീറ്റർ മുകളിൽ വച്ച് ‘ഷിയാപറേലി’ ടിജിഒയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. 19ന് അത് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നു. ഉപരിതലത്തിന് 10 കിലോമീറ്റർ മുകളിൽ വച്ച് ലാൻഡറിന്റെ പാരച്യൂട്ട് വിടർന്നു. പിന്നെ 250 കെപിഎച്ച് വേഗതയിൽ താഴേക്ക്. അതിനിടെ ചെറുറോക്കറ്റുകൾ ജ്വലിപ്പിച്ച് വേഗത നാലു കെപിഎച്ചിലേക്ക് കുറച്ചു. ഉപരിതലത്തിന് തൊട്ടടുത്തെത്താറായപ്പോഴായിരുന്നു അത്.
നാസയുടെ ആഗോള ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ കാൻബറ ഡീപ് സ്പേസ് കമ്യൂണിക്കേഷൻ കോംപ്ലക്സ് ആയിരുന്നു ഏഴുമാസമായി എക്സോമാർസിനെ നിരീക്ഷിച്ചിരുന്നത്. മാഡ്രിഡിലെയും കലിഫോർണിയയിലെയും നെറ്റ്‌വർക് സ്റ്റേഷനുകളും സഹായത്തിനുണ്ടായിരുന്നു. പദ്ധതിയുടെ അവസാന 50 മിനിറ്റ് പക്ഷേ സ്പെയിനിലെ സ്റ്റേഷനുകൾക്ക് കൈമാറുകയായിരുന്നു. ലാൻഡ് ചെയ്യാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ സിഗ്നൽ വിച്ഛേദിക്കപ്പെട്ടു. ചെറുറോക്കറ്റുകൾ ജ്വലിപ്പിച്ചുള്ള ലാൻഡിങ്ങിന്റെ നിർണായകനിമിഷമായിരുന്നു ബന്ധം വിച്ഛേദിക്കപ്പെട്ടത്. ചൊവ്വ വരെയെത്തുമെങ്കിലും അവിടെ പേടകം ലാൻഡ് ചെയ്യിക്കുന്ന കാര്യത്തിൽ പലതവണയായി റഷ്യയും നാസയും പരാജയപ്പെടുന്നു. അതിനൊരു പരിഹാരം കാണുക കൂടിയായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. പക്ഷേ അതും തകർന്നിരിക്കുന്നു. സാങ്കേതിക തകരാറോ ചൊവ്വയിലെ ‘ദുരൂഹമായ’ കാലാവസ്ഥാ പ്രശ്നമോ ആകാം ഇതിനു കാരണമായത്. പാരച്യൂട്ടായിരിക്കാം പ്രശ്നമുണ്ടാക്കിയതെന്നും നിഗമനമുണ്ട്. വിചാരിച്ചതിലും നേരത്തേ ലാൻഡറിൽ നിന്ന് പാരച്യൂട്ട് ‘കൈവിട്ടു’ പോയെന്നാണു സൂചന. അതോടെ റോക്കറ്റുകളുടെ ജ്വലനസമയവും കുറഞ്ഞു. ഇറങ്ങും മുൻപേ റോക്കറ്റ് കത്തിത്തീർന്ന് ഷിയാപറേലി ഇടിച്ചിറങ്ങിയാതാകാമെന്നും ഇഎസ്എ പറയുന്നു. ലാൻഡ് ചെയ്താൽ പ്രവർത്തിക്കേണ്ട ആന്റിന പാരച്യൂട്ടിൽ തട്ടി ദിശമാറിയതാകാനാണു സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ സ്റ്റേഷനിലേക്കും ചൊവ്വയുടെ തന്നെ ഭ്രമണപഥത്തിലുള്ള മാർസ് എക്സ്പ്രസ് എന്ന പേടകത്തിലേക്കും അയക്കേണ്ട സിഗ്നൽ അതോടെ ഗതിമാറിപ്പോയിട്ടുണ്ടാകണം. ഏതെങ്കിലും നിമിഷത്തില്‍ ആന്റിന ഇവയ്ക്കു നേരെ തിരിഞ്ഞാൽ അത് 140 കോടി ഡോളറിന്റെ ലോട്ടറിയടിച്ചതിനു തുല്യമായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
അവസാന സിഗ്നൽ ഇന്ത്യയിലേക്ക്
ഷിയാപറേലിയുടെ അവസാനത്തെ റേഡിയോ സിഗ്നലുകൾ ലഭിച്ചത് പുണെയിലെ ജയന്റ് മീറ്റർവേവ് റേഡിയോ ടെലസ്കോപ്പിലും ചൊവ്വയെ 2003 മുതൽ ചുറ്റുന്ന മാർസ് എക്സ്പ്രസിലുമാണ്. ഇന്ത്യയിലേക്കു ലഭിച്ച റേഡിയോ സിഗ്നലുകൾ ഇഎസ്എ വിദഗ്ധർ വിശകലനം ചെയ്ത ശേഷമായിരിക്കും എന്താണ് സംഭവിച്ചിരിക്കുകയെന്നതിന്റെ കൃത്യമായി ചിത്രം ലഭിക്കുക. ലാൻഡർ താഴേക്കു പതിച്ച വേഗം, അന്തരീക്ഷമർദം, അന്തരീക്ഷത്തിലെ പ്രക്ഷുബ്ധത, ഷിയാപറേലിക്ക് നേരിടേണ്ടി വന്ന ചൂട് ഇതെല്ലാം ആ സിഗ്നലുകളിൽ നിന്നു വ്യക്തമാകും. ലാൻഡറിന്റെ ഹീറ്റ് ഷീൽഡിനാണോ തകരാറുണ്ടായിരുന്നതെന്നും അതുവഴി തിരിച്ചറിയാം. സുരക്ഷിതമായിട്ടാണ് ലാൻഡ് ചെയ്തിരിക്കുന്നതെങ്കിൽ മൂന്നു മുതൽ 10 ദിവസം വരെ പ്രവർത്തിക്കാനുള്ള ബാറ്ററിയും ബാക്കിയുണ്ട്. ആ സമയത്ത് കാറ്റിന്റെ വേഗം, ഗതി, അന്തരീക്ഷമർദം, അന്തരീക്ഷത്തിലെ ഇലക്ട്രിഫിക്കേഷൻ തോത് തുടങ്ങിയവയെല്ലാമായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ ആ പ്രതീക്ഷ നിലവില്‍ മങ്ങി.
സുരക്ഷിതമായിരുന്നു ലാൻഡിങ് എങ്കിൽ ചൊവ്വയിൽ പേടകങ്ങൾക്കിറങ്ങാൻ ഏറ്റവും അനുയോജ്യമായ ‘മെറിഡിയാനി പ്ലേനം’ മേഖലയിലായിരിക്കും ഷിയാപറേലി എത്തിയിട്ടുണ്ടാകുക. അതിനു തൊട്ടടുത്താണ് നാസയുടെ ഓപ്പർച്യുണിറ്റി റോവറുള്ളത്. അതിന്റെ ക്യാമറപരിധിയിൽ ഷിയാപറേലിയുടെ ചിത്രം പതിയുകയും ചെയ്യും. ഷിയാപറേലി ലാൻഡ് ചെയ്യുന്നയിടത്തിന്റെ ചിത്രം പകർത്താനും ഒരു ക്യാമറ ഉണ്ടായിരുന്നു. അതിൽ നിന്ന് സിഗ്നൽ നഷ്ടമാകുന്നതിന്റെ തൊട്ടു മുൻപു വരെ കിട്ടിയ ചിത്രങ്ങളും ഗവേഷകർ പരിശോധിക്കും.
ടിജിഒ ഇപ്പോഴും ബാക്കിയുണ്ട്
പ്രധാനമായും ചൊവ്വയിലെ മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യമാണ് ട്രെയ്സ് ഗ്യാസ് ഓർബിറ്റർ പരിശോധിക്കുക. 2018ലാണ് എക്സോമാർസിന്റെ രണ്ടാംഘട്ടം. തീരുമാനിച്ചതു പ്രകാരം മുന്നോട്ടുപോയാൽ ആ വർഷം ഒരു യൂറോപ്യൻ റോവർ കൂടി ചൊവ്വയിലെത്തും. ബന്ധം നഷ്ടമാകുന്നതു വരെ ടിജിഒയിലേക്ക് ഷിയാപറേലി അയച്ച റേഡിയോ സിഗ്നലുകൾ വിശകലനം ചെയ്തായിരിക്കും 2018ലെ പദ്ധതിക്ക് വഴിയൊരുക്കുക. ചുവപ്പൻഗ്രഹത്തിന്റെ ഉപരിതലത്തിലൂടെ നീങ്ങാനാകുമെന്നു മാത്രമല്ല രണ്ടു മീറ്റർ വരെ ആഴത്തിൽ കുഴിച്ച് സാംപിളെടുത്തു പരിശോധിക്കാനും എക്സോമാർസ് 2018 പദ്ധതിക്ക് സാധിക്കും. ഇത്രയും നാളത്തെ അൾട്രാവയലറ്റ് റേഡിയേഷനിൽ ചൊവ്വയിലെ സകല ജൈവ വസ്തുക്കളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. പക്ഷേ രണ്ടുമീറ്റർ താഴെ വരെ റേഡിയേഷൻ എത്താത്തതിനാൽ ജീവന്റെ സാന്നിധ്യം സംരക്ഷിക്കപ്പെടാനിടയുണ്ട്. ഇക്കാര്യമാണ് റോവർ വഴി പരിശോധിക്കാനാവുക.
എന്താണ് ചൊവ്വയിലെ ജീവൻ?
ഭൂമിയിലെ അവസ്ഥ പ്രകാരം ജൈവ വസ്തുക്കൾ വിഘടിച്ചാണ് പ്രധാനമായും മീഥെയ്ൻ ഉണ്ടാകുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ ഇതിന്റെ സാന്നിധ്യം നേരത്തെ അയച്ച പേടകങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. മീഥെയ്നോജൻസ് എന്ന സൂക്ഷ്മാണുക്കളാണ് ഇതിനു കാരണക്കാരാകുന്നതെന്നാണു നിഗമനം. ഒന്നുകിൽ ഇവ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് നശിച്ചുപോയതാകാം. പക്ഷേ അന്നു പുറത്തുവിട്ട മീഥെയ്ൻ മരവിച്ച് ചൊവ്വയുടെ ഉപരിതലത്തിനു തൊട്ടുതാഴെ അടിഞ്ഞുകിടക്കാനും സാധ്യതയുണ്ട്. അല്ലെങ്കിൽ ഇപ്പോഴും മീഥെയ്ൻ പുറപ്പെടുവിക്കുന്ന സൂക്ഷ്മാണുക്കൾ ചൊവ്വയിലുണ്ടാകണം. അതുമല്ലെങ്കിൽ ഇരുമ്പിന്റെ ഓക്സിഡേഷൻ പോലുള്ള രാസപ്രവർത്തനം വഴിയും സൃഷ്ടിക്കപ്പെടാം. ചൊവ്വയുടെ അന്തർഭാഗത്തെ ചൂടേറിയ ജലത്തിൽ നടക്കുന്ന രാസപ്രവർത്തനവും കാരണമാകാം. മീഥെയ്ൻ സാന്നിധ്യം മണംപിടിച്ചു തന്നെ കണ്ടെത്താവുന്ന വിധം ഒരു വലിയ ‘മൂക്ക്’ ആണ് തങ്ങൾ ചൊവ്വയിലേക്കയക്കുന്നതെന്ന് ശാസ്ത്രജ്ഞർ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘ട്രെയ്സ് ഗ്യാസ് ഓർബിറ്റർ’ എന്ന പേര് അർഥമാക്കുന്നതും അതുതന്നെ. ആദ്യപദ്ധതിയിലെ ലാൻഡർ പരാജയപ്പെട്ടതിനാൽ 2018ലെ പദ്ധതിക്ക് മുടക്കേണ്ട തുകയും ഏറെയായിരിക്കും. ഇപ്പോൾത്തന്നെ ബജറ്റ് പ്രശ്നം കാരണം പദ്ധതിയുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. ഇനിയെല്ലാം ഷിയാപറേലിയിൽ നിന്നു വരുന്ന ഒരു ചെറുസിഗ്നലിനെയോ അല്ലെങ്കിൽ ഓപ്പര്‍ച്യുണിറ്റിയിൽ പതിഞ്ഞ അതിന്റെ ഒരു ചിത്രത്തെയോ ആശ്രയിച്ചായിരിക്കുമെന്നു ചുരുക്കം.
No comments:
Post a Comment