‘
ഇറാഖിൽ 5000 വർഷം മുൻപ്
അന്യഗ്രഹജീവികളുടെ സ്പേസ്
സ്റ്റേഷൻ’

നാഗരികതയുടെ കളിത്തൊട്ടിലുകളിലൊന്ന് എന്നായിരുന്നു മെസപ്പൊട്ടേമിയൻ ഭൂപ്രദേശത്തെ പാശ്ചാത്യർ വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ ഇറാഖിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു മെസപ്പൊട്ടേമിയ. പക്ഷേ യൂഫ്രട്ടിസ്-ടൈഗ്രിസ് നദികൾക്കിടയിലുള്ള ഈ പ്രദേശത്ത് ആദ്യമായി നാഗരികതയെ അതിന്റെ എല്ലാ അർഥത്തിലും കൊണ്ടു വരുന്നത് സുമേറിയന്മാരായിരുന്നു. ബിസി 3000ത്തിനോടടുത്ത് ലോകത്തെ ആദ്യത്തെ യഥാർഥ നാഗരികത വികസിപ്പിച്ചെടുത്തതിന്റെ ക്രെഡിറ്റും ഇവർക്കാണ്. ബോട്ടുകളും ആയുധങ്ങളും ഗൃഹോപകരണങ്ങളും കനാൽ സിസ്റ്റവും ജ്യോമെട്രിയും മദ്യോൽപാദനവും വരെ നടത്തിയിരുന്നു സുമേറിയന്മാർ. മാത്രവുമല്ല ഗണിതശാസ്ത്രത്തിലും വാനശാസ്ത്രത്തിലും വർഷങ്ങൾക്കു മുൻപേ ഇവർ പല കാര്യങ്ങളും കണ്ടെത്തിയത് എങ്ങനെയാണെന്നത് ഇന്നും ഗവേഷകർക്ക് അജ്ഞാതമാണ്. ആകാശത്തെ ഇത്രമാത്രം അടുത്തറിഞ്ഞ മറ്റൊരു കൂട്ടരില്ലെന്നു തന്നെ പറയാം.
അതിമാനുഷമെന്നു തന്നെ പറയാവുന്ന വിധത്തിലുള്ള സുമേറിയക്കാരുടെ പല കണ്ടുപിടിത്തങ്ങൾക്കും പിന്നിൽ എന്താണെന്നതിന്റെ വിശദീകരണവുമായി ഇറാന്റെ ഗതാഗത മന്ത്രി ഖാസിം ഫിൻഷ തന്നെയാണിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം നേരിട്ടു പറയാതെ ഒരു വിമാനത്താവളവുമായി ബന്ധപ്പെടുത്തിയായിരുന്നു നിരീക്ഷണം. ലോകത്തിലെ ആദ്യത്തെ ‘സ്പേസ് സ്റ്റേഷൻ’ 5000 വർഷം മുൻപ് അന്യഗ്രഹജീവികൾ ഇറാഖിൽ നിർമിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.
സുമേറിയൻ സംസ്കാരം നിലനിന്നിരുന്നത് ഇന്നത്തെ തെക്കൻ ഇറാഖ് പ്രദേശത്താണ്. സർക്കാർ പുതിയ വിമാനത്താവളത്തിനായി സ്ഥലം നോക്കിയപ്പോൾ ഏറ്റവും അനുയോജ്യമായി തോന്നിയത് തെക്കൻ ഇറാഖിലെ ധി ഖർ ആയിരുന്നു. ഫ്ലൈറ്റുകളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനുമെല്ലാം അനുയോജ്യമായ കാലാവസ്ഥയുള്ള പ്രദേശം. ഒരുപക്ഷേ വിമാനത്താവളം നിർമിക്കാൻ ഇറാഖിൽ ഏറ്റവും യോജിച്ച പ്രദേശം. ഇതിനു കാരണമായതാകട്ടെ പണ്ട് ഇവിടെ, അൽ നസീറിയ എന്നറിയപ്പെട്ടിരുന്ന, പ്രദേശത്തുണ്ടായിരുന്ന സ്പേസ് സ്റ്റേഷനാണെന്നും മന്ത്രിയുടെ വാക്കുകൾ.
‘ഈ കാലാവസ്ഥയെപ്പറ്റി സുമേറിയന്മാർക്ക് നല്ല ധാരണയുണ്ടായിരുന്നു. വിവിധ ഗ്രഹങ്ങളിലേക്കുള്ള യാത്രയിൽ ഭൂമിയിലെ അന്യഗ്രഹജീവികളുടെ താവളം ഇതായിരുന്നു. സുമേറിയന്മാരും ഇതുവഴി ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. മാത്രവുമല്ല സൗരയൂഥത്തിനുപ്പുറത്തുണ്ടെന്നു കരുതുന്ന ‘പ്ലാനെറ്റ് എക്സ്’(നിബുറു) എന്ന ഗ്രഹത്തെപ്പറ്റിയും സുമേറിയന്മാർക്ക് അറിയാമായിരുന്നു. അവിടേക്കുള്ള യാത്രക്കും ഉപയോഗിച്ചത് ഈ സ്പേസ് സ്റ്റേഷനാണെന്നും അതുവഴി ലോകത്തെ ആദ്യത്തെ ‘വിമാനത്താവള’മായി ഇവിടം മാറുകയായിരുന്നു’- മന്ത്രി പറഞ്ഞു. സുമേറിയന്മാരുടെ ചരിത്രമെഴുതിയ സക്കറിയ സിഷിന്റെയും സാമുവൽ ക്രാമറിന്റെയുമെല്ലാം നിരീക്ഷണത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (സിഷിൻ 1976ലെഴുതിയ 12th Planet എന്ന പുസ്തകത്തിലെ നിരീക്ഷണവും രസകരമാണ്-നാലര ലക്ഷം വർഷങ്ങൾക്കു മുൻപ് നിബുറു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ കോളനിവത്കരണത്തിനു വേണ്ടി അന്യഗ്രഹജീവികളെത്തിയിരുന്നു. മനുഷ്യരുമായി ഇണ ചേർന്ന് ഒരു തലമുറയെത്തന്നെ സൃഷ്ടിച്ചിട്ടാണ് അവർ മടങ്ങിപ്പോയതെന്നാണ് ‘12th പ്ലാനറ്റിലെ’ കണ്ടെത്തൽ!)

എന്തൊക്കെയാണെങ്കിലും ഗ്രഹണങ്ങളെയും അയനങ്ങളെയും പ്രവചിക്കാനും ജ്യോതിശാസ്ത്ര കലണ്ടർ തയാറാക്കാനുമെല്ലാം മെസപ്പൊട്ടേമിയക്കാരെ സഹായിച്ചത് ഈ ഗോളാന്തരയാത്രകളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരേറെയാണ്. എന്തിനേറെ, മൈലുകൾക്കപ്പുറത്തു നിന്ന് പടുകൂറ്റൻ പാറകളെത്തിച്ച്, അവ മുകളിലേക്കുയർത്തി ഈജിപ്തിലെ പിരമിഡ് തയാറാക്കിയത് ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നതിൽ ഗവേഷകർക്കു പോലും ഇന്നും വ്യക്തമല്ല. കാരണം അതിനു പിന്നിലും അന്യഗ്രഹജീവികളാണെന്നാണ് കുറേ പേരുടെയെങ്കിലും വാദം. ശാസ്ത്രത്തിൽ വിശ്വാസമില്ലാത്തവരെന്നു പറഞ്ഞ് അവരെ തള്ളിക്കളയുകയാണ് മുഖ്യധാരഗവേഷകർ ചെയ്യുക. പക്ഷേ ഇതിപ്പോൾ ഒരു രാജ്യത്തിന്റെ മന്ത്രിതന്നെ ലോകമാധ്യമങ്ങൾക്കു മുന്നിൽ ഇങ്ങനെ പറയുമ്പോഴാണ് ആശയക്കുഴപ്പമേറുന്നത്.
No comments:
Post a Comment