Monday, 3 October 2016


ആ യാത്ര അവസാനിച്ചു, കുഞ്ഞു 'ഫിലെ' മറഞ്ഞു!

comet-rosetta

ബഹിരാകാശത്ത് കുതിച്ചു പായുന്ന ഛിന്നഗ്രഹം. അവനെ ചുറ്റി ഭൂമിയിൽ നിന്നയച്ച ‘റോസറ്റ’ എന്ന ബഹിരാകാശ പേടകം. ഭൂമിയിൽ ജീവനുണ്ടായതെങ്ങനെയെന്നതിന്റെ രഹസ്യവും വഹിച്ചായിരുന്നു 67 പി/ ചുരിയുമോ ഗരസിമങ്കോ എന്ന ആ ധൂമകേതുവിന്റെ കറക്കം. എന്തു വില കൊടുത്താണെങ്കിലും ആ രഹസ്യം കണ്ടെത്തിയേ മതിയാകൂ. പക്ഷേ ഭൂമിയിൽ വന്നിടിച്ചാൽ മനുഷ്യരാശി ഒന്നാകെത്തന്നെ ഇല്ലാതായിപ്പോകും വിധം വലിപ്പമുള്ള ആ ഛിന്നഗ്രഹത്തിലേക്ക് ആരു പോകും? അതിനു മാത്രം ധൈര്യമുളള ആരുണ്ട്? ശാസ്ത്രം ആ ചോദ്യത്തിനു മുന്നിൽ പകച്ചു നിന്നില്ല, അവർ ഒരു ഇത്തിരിക്കുഞ്ഞനെയും റോസറ്റയ്ക്കൊപ്പം ബഹിരാകാശത്തേക്കു വിട്ടിരുന്നു. പേര് ‘ഫിലെ’. ഒരു ചെറിയ വാഷിങ് മെഷീന്റെ വലിപ്പം മാത്രമുണ്ടായിരുന്ന അവന് ഒരേയൊരു ലക്ഷ്യം മാത്രം–എന്തു വില കൊടുത്തും ധൂമകേതുവിലേക്കിറങ്ങുക, ജീവന്റെ രഹസ്യം മനസിലാക്കുക. 

അവസരം നോക്കി 2004 മുതൽ 10 വർഷത്തേക്ക് ഫിലെ റോസറ്റയ്ക്കൊപ്പം 67 പിയ്ക്കു ചുറ്റും കറങ്ങി. ഒടുവിൽ 10 വർഷത്തിനപ്പുറം 2014 നവംബറിൽ അവൻ റോസറ്റയിൽ നിന്നെടുത്തു ചാടി–നേരെ ചുരിയുമോ ഗരസിമങ്കോയിലേക്ക്. പക്ഷേ ചാട്ടമൊന്നു പിഴച്ചു. ഒരു ഇരുണ്ട കുഴിയിലാണ് വീണത്. സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ചേ ഫിലെക്ക് പ്രവർത്തിക്കാനാകൂ. കുഴിയിലായതോടെ അതില്ലാതായി. എങ്കിലും സംഭരിച്ചു വച്ച 60 മണിക്കൂർ നേരത്തേക്കുള്ള ചാർജ് ഉപയോഗിച്ച് ഒരുവിധം കഴിഞ്ഞു കൂടി. പിന്നെ റോസറ്റയുമായുള്ള ഫിലെയുടെ അവസാന സിഗ്നൽ ബന്ധവും ഇല്ലാതായി. 

rosetta

പക്ഷേ ഏഴു മാസം കഴിഞ്ഞ് 67 പി ഭ്രമണത്തിനിടെ സൂര്യന് അടുത്തെത്തിയതും ഫിലെ ഉഷാറായി. പിന്നെ ഭൂമിയിലേക്ക് വെള്ളവും ഓക്സിജനും എത്തിച്ചത് ഛിന്നഗ്രഹമാണോ എന്നറിയാനുള്ള പരിശ്രമങ്ങളായി. പൊടിയുടെയും വാതകത്തിന്റെയും സാംപിളുകളെടുത്തു. ഇടയ്ക്കിടെ 67പിയുടെ കിടിലൻ ചിത്രങ്ങളും. ആകെ മൊത്തം ഫിലെ ആളു ഹീറോയായി. അതോടെ കൊച്ചുകുട്ടികൾക്കുൾപ്പെടെ മനസിലാക്കാനാകും വിധം റോസറ്റയുടെയും കുഞ്ഞുഫിലെയുടെയും കഥ പറയാൻ ഇരുവരുടെയും പേരിൽ ഓരോ കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി(ഇഎസ്എ) തീരുമാനിച്ചു. റോസെറ്റയെ ചേച്ചിയായും ഫിലെയെ കൊച്ചുസഹോദരനായും സങ്കൽപിച്ച് ഡിസൈൻ ആൻഡ് ഡേറ്റ എന്ന കമ്പനിയാണ് കാർട്ടൂൺ കഥാപാത്രങ്ങളെയുണ്ടാക്കിയത്. പിറകെ പത്രങ്ങളിൽ കാർട്ടൂണുകളും ടിവിയിൽ ആനിമേഷൻ വിഡിയോകളുമെല്ലാം ചറപറയിറങ്ങി. യൂട്യൂബിലും ട്വിറ്ററിലുമെല്ലാം ഈ ‘ശാസ്ത്രച്ചേച്ചിയും അനിയനും’ സൂപ്പർ ഹിറ്റായി. 

പക്ഷേ ഛിന്നഗ്രഹത്തിലേറിയുള്ള ഭ്രമണത്തിനിടെ സൂര്യനിൽ നിന്ന് എന്നേക്കുമായി അകന്നുപോയിരിക്കുന്നു ഫിലെ. ഐസ് വസ്തുവിൽ ഇടിച്ചാണ് റോസറ്റ മറഞ്ഞത്. ഈ മാസം 30നു റോസറ്റയുടെ 12 വർഷം നീണ്ട ദൗത്യം അവസാനിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതെ ഛിന്നഗ്രഹത്തിലേക്കു തന്നെ റോസറ്റയും പതിച്ചിരിക്കുന്നു, ഗവേഷകരുടെ കണക്കുകൂട്ടൽ ശരിയായി. റോസറ്റയും ഫിലെയും ശതകോടി കിലോമീറ്ററുകൾക്കപ്പുറം വിദൂരതയിൽ ഒരുമിച്ച് ‘ഉറങ്ങുകയാണ്.’ ഗുഡ് ബൈ റോസറ്റ, ഗുഡ് ബൈ ഫിലെ.

rosetta-philae-super

ഇനിയിപ്പോൾ കുഞ്ഞുഫിലെയെ ‘മരിച്ചതായി’ പ്രഖ്യാപിക്കുകയേ വഴിയുള്ളൂ. ഒരു തിരിച്ചുവരവിനു സാധ്യതയില്ല. പക്ഷേ ശാസ്ത്രലോകം ആകെ സങ്കടത്തിലാണ്. വെറുമൊരു യന്ത്രമാണെങ്കിലും കാർട്ടൂണുകളിലൂടെ ഫിലെ ലോകത്തിന്റെ പ്രിയപ്പെട്ടവനായി മാറിയിരുന്നു. ആ ഇത്തിരിക്കുഞ്ഞൻ മരിച്ചതായി എങ്ങനെ പ്രഖ്യാപിക്കും?


റോസറ്റ – ഫിലെ ദൗത്യം


ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതു പോലെയുള്ള ആവേശവും അദ്ഭുതവും നിറഞ്ഞ കഥയാണ് ഇത്. ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകൾ തേടിയാണു 2004ൽ യൂറോപ്യൻ സ്പേസ് ഏജൻസി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ റോസറ്റ വിക്ഷേപിക്കുന്നത്.

ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാൽനക്ഷത്രങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുൾ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.

Rosetta


റോസറ്റ–ഫിലെമാരുടെ നേട്ടം


ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ കാർബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാർബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്.

അവർ സഞ്ചരിച്ച വഴി


2004 മാർച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വർഷം കൊണ്ട് 600 കോടി കിലോമീറ്റർ സഞ്ചരിച്ചു 

2014 ഓഗസ്റ്റിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

2014 നവംബറിൽ റോസറ്റയിൽനിന്നു ഫിലെ വിക്ഷേപിച്ചു. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കാൻ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയിൽ വീണു. അങ്ങനെ കേടുപാടുകളുണ്ടായി. 

സൗരോർജം കൊണ്ടാണു ഫിലെ പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ ലാൻഡിങ് തെറ്റിയതോടെ ബാറ്ററികൾ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറിൽ ഫിലെ പ്രവർത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു. 

പിന്നീടു ബാറ്ററി ചാർജ് തീർന്ന് ഉറക്കമായി. 2015 ജൂണിൽ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണർന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയിൽ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്.

ട്വിറ്റർ താരം


ഫിലെ ലാൻഡർ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സൂപ്പർ ഹിറ്റാണ്. ഒരു വ്യക്തി എന്ന നിലയിലാണ് അധികൃതർ ഈ അക്കൗണ്ട് നടത്തുന്നത്. ഫിലെയുടെ ട്വീറ്റുകളും അങ്ങനെ തന്നെ. നാലരലക്ഷത്തോളം ഫോളോവേഴ്സ് ഫിലെയ്ക്കുണ്ട്. 

No comments:

Post a Comment