Thursday, 27 October 2016

ചാന്ദ്രയാന്‍-2: ഇന്ത്യയുടെ സ്വന്തം സ്വപ്ന പദ്ധതിയുടെ ഒരുക്കങ്ങള്‍ തുടങ്ങി! 




ചാന്ദ്രയാന്‍ -2 ലക്ഷ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള ഐഎസ്ആര്‍ഒ പരീക്ഷണങ്ങൾ തുടങ്ങി. ബെംഗളൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗ ജില്ലയിലെ ചല്ലക്കരെയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ബഹിരാകാശ ഗവേഷണലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാമത്തെ ചാന്ദ്രയാത്രയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഐഎസ്ആർഒ സാറ്റലൈറ്റ് സെന്ററിലാണ്(ISAC). ചന്ദ്രനിലെ വിവിധ പ്രദേശങ്ങളിലുള്ള അതേ മാതൃകയില്‍ ഗര്‍ത്തങ്ങളും ഗുഹാമുഖങ്ങളും സൃഷ്ടിച്ച് ലാൻഡിങ് സെൻസറുകൾ ടെസ്റ്റ് ചെയ്യുകയാണ്. ഇത്തരത്തിലുള്ള പത്തോളം വ്യത്യസ്ത ഗുഹാമുഖങ്ങളുടെ മാതൃകകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ കുഴികൾക്കു മുകളിലൂടെ സെന്‍സറുകള്‍ ഘടിപ്പിച്ച ചെറിയ ബഹിരാകാശവാഹനം മെല്ലെ നീങ്ങും. ഇവിടെ നിന്നും ലഭിക്കുന്ന പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചാന്ദ്രയാത്രയിലെ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യുക. ചല്ലക്കരെയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനായി ഏറെ വിശാലമായ 'സയൻസ് സിറ്റി' ആണുള്ളത്.

'ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡര്‍ ടെസ്റ്റുകള്‍ക്കായുള്ള ക്യാംപയിന്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രദുര്‍ഗയില്‍ ചാന്ദ്രസമാനമായ കുഴികളിൽ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ സെന്‍സറുകള്‍ ചന്ദ്രനില്‍ അവയുടെ ജോലി കൃത്യമായി ചെയ്യുമോ എന്നുള്ള കാര്യം ഇതിലൂടെ അറിയാന്‍ സാധിക്കുമെന്ന് ഐഎസ്എസി ഡയറക്ടര്‍ എം. അണ്ണാദുരൈ പറയുന്നു. 2017 അവസാനമോ 2018ന്റെ തുടക്കത്തിലോ ആയിരിക്കും ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുക.

ഇത് ശ്രമകരമായ ജോലി

ചന്ദ്രനിൽ ചെന്ന് ലാന്‍ഡ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് 2008ലെ വിജയകരമായ ചാന്ദ്രയാൻ –1 ന്റെ പ്രോജക്റ്റ് ഡയറക്ടര്‍ കൂടിയായിരുന്ന ഡോ: അണ്ണാദുരൈ പറഞ്ഞു. മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കൂടുതൽ പരീക്ഷണങ്ങൾ നടത്തും. ബെംഗളൂരിലും ചിത്രദുര്‍ഗയിലുമായി ഈ ബഹിരാകാശ വാഹനത്തിന്റെ സമ്പൂര്‍ണ പരിശോധന പൂര്‍ത്തിയാക്കും.

ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് ഈ മിഷനിലുള്ളത്. ബെംഗളൂരിലെ ISAC ലാണ് ഇവ ഒരുങ്ങുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന ഓർബിറ്റർ ബഹിരാകാശവാഹനം ചന്ദ്രനിലെത്തിക്കും. ചന്ദ്രനിൽ ഇറങ്ങാൻ ലാൻഡർ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍ ഉപയോഗിക്കുക. പിന്നീട് ഇവ ഭൂമിയിലേയ്ക്ക് വിവരങ്ങളും ചിത്രങ്ങളുമടങ്ങിയ സന്ദേശങ്ങള്‍ അയയ്ക്കും.

No comments:

Post a Comment