വ്യോമയുദ്ധരംഗത്ത് പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ; ഇനി റഫാൽ നയിക്കും

ഇന്ത്യൻ വ്യോമസേന മൂന്നു ദശകങ്ങളായി ആവശ്യപ്പെടുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനം വാങ്ങാൻ ഒടുവിൽ കരാറായി. ഏകദേശം 6000 കോടി രൂപയുടെ കരാർ വഴി വാങ്ങുന്നതു 36 റഫാൽ വിമാനങ്ങൾ. മുൻ സർക്കാർ ചർച്ച ചെയ്‌തു ധാരണയിലെത്തിയതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണു വിമാനം വാങ്ങുന്നതെന്നു പ്രതിരോധമന്ത്രി മനോഹർ പരീക്കർ അവകാശപ്പെട്ടു.
ഇന്നു പാക്കിസ്‌ഥാന്റെ പക്കലുള്ള ഏതു പോർവിമാനത്തേക്കാളും മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ചതുമാണ് റഫാൽ വിമാനങ്ങൾ. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ആദ്യവിമാനം എത്തും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായും. കടുത്ത വിമാനക്ഷാമം നേരിടുന്ന വ്യോമസേന പുതിയ കരാറിനെ സ്വാഗതം ചെയ്യുകയാണ്.
വിമാനത്തിന്റെ വിലയേക്കുറിച്ചോ, ഗുണമേന്മയെക്കുറിച്ചോ പരാതിയൊന്നും ഉണ്ടാവാനിടയില്ലെങ്കിലും കരാർ മറ്റു വിവാദങ്ങൾക്കു വഴിതെളിച്ചേക്കും. വ്യോമസേന ആവശ്യപ്പെട്ടിരുന്നതു കുറഞ്ഞതു 126 വിമാനങ്ങളാണ്. കരാറനുസരിച്ചുള്ള 36 എണ്ണം കഴിഞ്ഞാൽ ബാക്കി 90 എണ്ണത്തിന്റെ കാര്യത്തിൽ വ്യക്‌തമായ ധാരണയില്ലാത്തതു ദീർഘകാലാടിസ്‌ഥാനത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. പ്രത്യേകിച്ചും റഫാലിനെ പാക്ക് വ്യോമസേനയ്ക്കെതിരെയുള്ള പ്രധാന വ്യോമായുധമായാണ് ഉദ്ദേശിക്കുന്നതെങ്കിൽ.

1960–കൾ മുതൽ സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച മിഗ്–21, 1970–80 കളിലെ മിഗ്–21 ബിസ് എന്നിവ ആണ് പാക്ക് വ്യോമസേനയ്ക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങൾ. 1990–കളോടെ ഇവ പഴഞ്ചനായി. ഇതോടെയാണു പുതിയ ബഹുദൗത്യ (പ്രധാനമായും ആകാശപ്പോരാട്ടം, ലഘു ബോംബിങ്) വിമാനം വേണമെന്നു വ്യോമസേന ആവശ്യപ്പെട്ടത്.
ഇതിനിടയിലാണു സുഖോയ്–30 എം.കെ.ഐ എന്ന ദീർഘദൂര വിമാനം റഷ്യൻ സഹായത്തോടെ നിർമിച്ചുതുടങ്ങിയത്. ദീർഘദൂരം പറക്കാനും, കനത്ത ബോംബാക്രമണത്തിനു കഴിവുള്ളതുമായ ഈ വിമാനങ്ങളെ ചൈനയ്ക്കെതിരെയുള്ള വടക്കൻ മേഖലയിലാണു വിന്യസിച്ചിരിക്കുന്നത്. പാക്ക് മേഖലയിൽ ഇവയെ വിന്യസിക്കാനാവില്ല. മിഗ്–21 പോലുള്ള മധ്യദൂരശേഷിയും ഭാരം കുറഞ്ഞതുമായ വിമാനമാണു പശ്‌ചിമാതിർത്തിയിൽ ആവശ്യം.

മിഗ്–21 വിമാനങ്ങൾ പഴഞ്ചനാവുകയും പലതും തകർന്നുവീഴുകയും ചെയ്തതോടെ ഇന്ത്യയുടെ ഫൈറ്റർ സ്‌ക്വാഡ്രണുകൾ ശുഷ്‌ക്കിച്ചുതുടങ്ങി. 38 ഫൈറ്റർ സ്‌ക്വാഡ്രണുകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും എണ്ണം 33–ഉം 32–ഉം ആയി കുറഞ്ഞു. ഈ 32 സ്‌ക്വാഡ്രണിൽത്തന്നെ വേണ്ടത്ര വിമാനങ്ങൾ ഇല്ലാതെയും വന്നതോടെ ഫലത്തിൽ ഇന്ന് 28 (25 എന്ന് ചിലർ പറയുന്നു) സ്‌ക്വാഡ്രൺ പോർവിമാനങ്ങളേ വ്യോമസേനയുടെ പക്കലുള്ളു. ഈ 28–ൽ 12 എണ്ണത്തോളം ചൈനയ്ക്കെതിരെ വിന്യസിച്ചിരിക്കുന്ന സുഖോയ്–30 വിമാനങ്ങളാണ്.
ചുരുക്കത്തിൽ പാക്കിസ്‌ഥാനിൽനിന്ന് ഒരു ഭീഷണി ഉയർന്നാൽ പതിനഞ്ചോ പതിനാറോ സ്ക്വാഡ്രൺ പഴഞ്ചൻ പോർവിമാനങ്ങൾ (മിഗ്–21, മിഗ്–27 എന്നിവകൂടാതെ അടുത്തകാലത്ത് പരിഷ്‌കരിച്ച മിഗ്–21 ബിസ്, പഴഞ്ചനായിക്കൊണ്ടിരിക്കുന്ന ജഗ്വാർ, താമസിയാതെ പഴഞ്ചനാവുന്ന മിഗ്–29) ഉപയോഗിച്ചുവേണം പോരാട്ടം നടത്താൻ.
ഈ വിടവു മുന്നിൽക്കണ്ടുകൊണ്ടാണ് ഇന്ത്യ തന്നെ തേജസ് എന്ന ലഘുപോർവിമാനം വികസിപ്പിച്ചത്. എന്നാൽ ഇനിയും അവ പൂർണമായി സ്‌ക്വാഡ്രൺ സർവീസിലെത്തിയിട്ടില്ല. അതിന്റെ രണ്ടാം പതിപ്പാവട്ടെ വികസിപ്പിക്കുന്നതേയുള്ളൂ.
ഈ സന്ദർഭത്തിലാണു 126 ബഹുദൗത്യമധ്യദൂര പോർവിമാനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. ആദ്യത്തെ നാൽപതോളം എണ്ണം വിദേശകമ്പനിയിൽനിന്നു വാങ്ങുകയും ബാക്കിയുള്ളവ അവരിൽനിന്നു സാങ്കേതികവിദ്യ വാങ്ങി ഇന്ത്യയിൽ നിർമിക്കാനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ വാങ്ങേണ്ട വിമാനം ഏതെന്നു കണ്ടെത്തുന്ന പ്രക്രിയ നീണ്ടുപോവുകയും, കടുത്ത മത്സരത്തിൽ ചില നയതന്ത്രപ്രത്യാഘാതങ്ങൾ വരെ ഉണ്ടാവുകയും ചെയ്തു. അമേരിക്കൻ കമ്പനിക്ക് ഉടമ്പടി ലഭിക്കാതെ വന്നപ്പോൾ യു.എസ് അംബാസഡർ ടിം റോമർ രാജിവച്ചു. ബ്രിട്ടിഷ് കമ്പനിക്കു ലഭിക്കാത്തതിൽ പ്രതിഷേധിച്ചു ബ്രിട്ടൻ ഇന്ത്യയ്ക്കുള്ള വിദേശസഹായം നിർത്തുമെന്നു ഭീഷണി മുഴക്കി. ഒടുവിൽ റഫാൽ തിരഞ്ഞെടുത്തെങ്കിലും ഫ്രാൻസ് കനത്തവില ആവശ്യപ്പെട്ടതോടെ കരാർ അവതാളത്തിലായി. പ്രത്യേകിച്ചു സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ.
അങ്ങനെയാണു രണ്ടുകൊല്ലം മുമ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ നേരിട്ടിടപെട്ടു പോംവഴി കണ്ടെത്തിയത്. തൽക്കാലം 36 എണ്ണം ഫ്രാൻസിൽനിന്നു നേരിട്ടുവാങ്ങുക. നിർമാണസാങ്കേതികവിദ്യാ കൈമാറ്റവും ഇന്ത്യയിൽ നിർമിക്കാനുള്ള ലൈസൻസിന്റെ കാര്യവും പിന്നീട് ആലോചിക്കാം. ഈ തീരുമാനത്തെത്തുടർന്നാണു ഫ്രാൻസ് വിലകുറച്ചു കരാറിനു തയാറായത്.

പക്ഷേ, ബാക്കി 90 വിമാനങ്ങളുടെ കാര്യത്തിൽ ഇനിയും വ്യക്‌തതയില്ല. 36 റഫാലുകളും എത്തിക്കഴിയുമ്പോഴേക്കും ബാക്കി സ്‌ക്വാഡ്രണുകളിലേക്കായി തേജസിന്റെ രണ്ടാം പതിപ്പ് എത്തുമെന്നുള്ള പ്രതീക്ഷ മാത്രമാണിന്ന്.
അതെത്തിയാൽ ഈ കരാർ വൻ നേട്ടമായി കാണാം. കാരണം, തേജസ് പൂർണമായി സ്‌ക്വാഡ്രൺ സർവീസിലെത്തിയാൽ അത് ഇന്ത്യൻ ഏറോനോട്ടിക് വ്യവസായത്തിന് ഒരു വൻ നേട്ടമായിരിക്കും. വിദേശനാണ്യച്ചെലവില്ലാതെ ഇഷ്‌ടംപോലെ വിമാനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിച്ചുകൊണ്ടിരിക്കാം. വ്യോമസേന ആഗ്രഹിച്ചതരത്തിലുള്ള പോർവിമാനംതന്നെ ഇന്ത്യൻ ശാസ്‌ത്രജ്‌ഞന്മാർ വികസിപ്പിച്ച് അവയെ ദ്രുതഗതിയിൽ നിർമിച്ചുകൊടുക്കാൻ ഹിന്ദുസ്‌ഥാൻ ഏറോനോട്ടിക്‌സ് തുടങ്ങിയ ഇന്ത്യൻ ആയുധനിർമാണശാലകൾക്കു കഴിഞ്ഞാൽ.
ഇപ്പറഞ്ഞവയിൽ എവിടെയെങ്കിലും പ്രശ്‌നമുണ്ടായാൽ, ബാക്കിയുള്ള വിമാനങ്ങൾക്കും, അല്ലെങ്കിൽ സാങ്കേതികവിദ്യയ്ക്കും നിർമാണലൈസൻസിനുമായി വീണ്ടും ഫ്രാൻസിനെ സമീപിക്കേണ്ടിവരും. ആ സമയത്ത് അവർ ആവശ്യപ്പെടുന്ന വില നൽകേണ്ടതായും വന്നെന്നിരിക്കും.
ആവശ്യമായുള്ള പോർവിമാനങ്ങൾ രണ്ടു തരത്തിലാണ് ഇന്ത്യ കൊണ്ടുവന്നിരുന്നത്. ഏതാനും എണ്ണം വിദേശത്തുനിന്നു പറത്തിക്കൊണ്ടുവരാവുന്ന (ഫ്ലൈ–എവേ) രീതിയിലും, കുറേ എണ്ണം കിറ്റുകളായി കൊണ്ടുവന്ന് ഇന്ത്യയിൽ കൂട്ടിയോജിപ്പിക്കുന്ന രീതിയിലും. സാങ്കേതികവിദ്യയും ചില ഭാഗങ്ങൾ വിദേശത്തുനിന്നു വാങ്ങി ഇന്ത്യയിൽ നിർമിക്കാവുന്ന രീതിയിലും വിമാനങ്ങൾ നിർമിച്ചിരുന്നു.
1950–60 കളിൽ ബ്രിട്ടനിൽനിന്നു നാറ്റ്, 1962–നുശേഷം റഷ്യയിൽനിന്നു മിഗ്–21, 1980–കളോടെ മിഗ്–21 ബിസ്, ഏതാണ്ട് അതേസമയത്ത് ബ്രിട്ടനിൽനിന്നു ജഗ്വാർ, 1990–കളിൽ റഷ്യയിൽനിന്നു സുഖോയ്–30 എം.കെ.ഐ, ഒടുവിൽ ബ്രിട്ടനിൽനിന്നു പരിശീലനജെറ്റ് വിമാനമായ ഹോക്ക് ഇവയെല്ലാം ഈ രീതിയിലാണ് ഇന്ത്യ വാങ്ങിയത്. ഇന്ത്യൻ വ്യവസായത്തിനു നേട്ടമുണ്ടാകുക എന്നതാണ് ഈ ഇടപാടുകളിലെ ഒരു നേട്ടം. കൂടാതെ വിമാനത്തിന്റെ അടിസ്‌ഥാന ഡിസൈൻ ഒഴികെ ബാക്കി മിക്ക സാങ്കേതികവിദ്യയും ഇതോടെ നമുക്കുലഭിക്കും.
ഇതല്ലാതെ നടത്തിയ ഇടപാടുകളും ഉണ്ട്. മിഗ്–23, മിഗ്–27 എന്നീ വിമാനങ്ങളുടെ കാര്യത്തിൽ, എണ്ണത്തിൽ അധികം വേണ്ടിവരില്ലെന്നുകരുതി നിർമാണസാങ്കേതികവിദ്യയോ ലൈസൻസോ വാങ്ങിയില്ല.
അവയേക്കാൾ വൻ അബദ്ധങ്ങളായി ഇന്നും കണക്കാക്കപ്പെടുന്ന രണ്ട് ഇടപാടുകളുണ്ട്. രണ്ടും 1980–കളിൽ നടന്നത്. ഫ്രാൻസിൽനിന്നു 40–ഓളം മിറാജ്–2000 വിമാനങ്ങൾ വാങ്ങിയതും റഷ്യയിൽനിന്ന് അനവധി സ്‌ക്വാഡ്രൺ മിഗ്–29 വിമാനങ്ങൾ വാങ്ങിയതും. ഇവ രണ്ടും ഇന്നും വ്യോമസേനയുടെ ഏറ്റവും വിശ്വസനീയമായ ആയുധത്തട്ടുകളാണ്. കാര്യമായ കേടുപാടുകളൊന്നും ഉണ്ടാകാത്ത സാങ്കേതികവിദ്യയാണു രണ്ടിന്റേതും. എന്നാൽ എന്തെങ്കിലും കാര്യമായ പ്രശ്‌നമുണ്ടായാൽ പരിഹരിക്കണമെങ്കിൽ ഇന്നും അവയുടെ യഥാർഥ നിർമാതാക്കളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
126 ബഹുദൗത്യ മധ്യദൂരവിമാനങ്ങൾ വാങ്ങാനാലോചിച്ചപ്പോൾ ഇതേ മിറാജിന്റെ പുതിയൊരു പതിപ്പും ആദ്യം പരിഗണനയ്ക്കുവന്നതാണ്. അതു വാങ്ങിയാൽ അതോടൊപ്പം മിറാജിന്റെ പ്ലാന്റ് തന്നെ കൈമാറാൻ നിർമാതാക്കൾ തയാറായതാണെന്നും അറിയിച്ചതാണ്. 2000–വരെ നിർമാതാക്കളായ ദാസാൾട്ട് (റഫാലിന്റെ നിർമാതാക്കളും അവർ തന്നെ) അവർ കാത്തിരുന്നു. തങ്ങളുടെ കൊലയാളി സുന്ദരിയെന്നാണു വ്യോമസേനക്കാർ മിറാജിനെ വിശേഷിപ്പിച്ചിരുന്നത്. കാർഗിൽ യുദ്ധത്തിൽ അത്യാധുനിക ആയുധപ്രയോഗം നടത്തി വ്യോമസേനയുടെ പ്രശംസ പിടിച്ചുപറ്റിയതുമാണ്. എന്നാൽ ഇന്ത്യയിലെ മാറിമാറി വന്ന ഭരണകൂടങ്ങൾ തീരുമാനമെടുക്കാതെ നീണ്ടുപോയപ്പോൾ നിർമാതാക്കൾ പ്ലാന്റ് അടച്ചുപൂട്ടി. ‘‘തന്റെ മേക്കപ്പ് പെട്ടി വീട്ടിൽ മറന്നുവച്ച് യാത്രയ്ക്കിറങ്ങിയ സുന്ദരി,‘‘ എന്ന് അന്നത്തെ വ്യോമസേനാ മേധാവി അനിൽ ടിപ്‌നിസ് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ഈ ലേഖകനോടു പറഞ്ഞതോർക്കുന്നു.
മിഗ്–29നേക്കുറിച്ച് ഇതിലും വലിയ വിവാദമാണ് ഇന്നും നടക്കുന്നത്. സോവിയറ്റ് യൂണിയൻ അന്നതു വികസിപ്പിച്ചെടുത്തപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഇന്റർസെപ്‌റ്റർ വിമാനമായിരുന്നു അത്. തങ്ങളുടെ സൈനികസഖ്യമായ വാഴ്‌സാ ഉടമ്പടിയിലില്ലാത്ത ഒരു രാജ്യത്തിനു സോവിയറ്റ് യൂണിയൻ നൽകിയിരുന്നില്ല. എന്നാൽ 1980–കളുടെ അന്ത്യത്തിൽ ഇന്ത്യ ഏതാനും മിഗ്–29 വിമാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ വിമാനം മാത്രമല്ല, സാങ്കേതികവിദ്യയും നിർമാണ ലൈസൻസും നൽകാൻ സോവിയറ്റ് യൂണിയൻ തയാറായി.
പക്ഷേ, അധികം എണ്ണം ആവശ്യമില്ല, അതിനാൽ സാങ്കേതികവിദ്യയും ലൈസൻസും ആവശ്യമില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. (ഈ തീരുമാനം ആരുടെയായിരുന്നു എന്നതിൽ ഇന്നും തർക്കമുണ്ട്. വ്യോമസേനയുടെ അഭിപ്രായമായിരുന്നു അതെന്നു പ്രതിരോധവകുപ്പിലെ ഉദ്യോഗസ്‌ഥന്മാരും, ഉദ്യോഗസ്‌ഥന്മാർ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വഴിതെറ്റിച്ചതാണെന്നു വ്യോമസേനയും ഇന്നും പരസ്‌പരം പഴിചാരുന്നു.)
ഏതായാലും ഇന്ത്യയെ തുടർന്നു മറ്റു പല രാജ്യങ്ങളും മിഗ്–29 വാങ്ങി. എന്നാൽ രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോഴാണു പ്രശ്‌നങ്ങൾ ഉണ്ടായത്. അവരുടെ ആയുധനിർമാണശാലകൾ പല റിപ്പബ്ലിക്കുകളിലായതോടെ പഴയ വിമാനങ്ങളുടെ സ്‌പെയർ പാർട്ടുകൾ കിട്ടാതായി. പുതിയ വിമാനങ്ങളുടെ ചെറിയ കേടുപാടുകൾപോലും കൈകാര്യം ചെയ്യാൻ ഇന്ത്യൻ വ്യോമസേന നന്നേ വിഷമിച്ചു.

നഷ്‌ടപ്പെട്ട അവസരത്തെക്കുറിച്ചു വ്യോമസേനയ്ക്കു താമസിയാതെ ബോധ്യമായി. 1990–കളിൽ പടിഞ്ഞാറൻ ശാക്‌തികചേരിയിലേക്കു മാറിയ ചില പഴയ സോവിയറ്റ് ബ്ലോക്ക് രാജ്യങ്ങളുടെ മിഗ്–29 വിമാനങ്ങളുമായി പാശ്‌ചാത്യ വ്യോമസേനകൾ അഭ്യാസം നടത്തിയപ്പോഴാണു മിഗ്–29–ന്റെ മികവ് അവർക്കും ബോധ്യപ്പെട്ടത്.
ആ കാലയളവിൽ – 1993–ൽ – റഷ്യ സന്ദർശിച്ച ഈ ലേഖകനോടു റഷ്യയിലെ ഒരു ഏറോസ്‌പേസ് എൻജിനീയർ പറഞ്ഞത് ഓർമവരുന്നു – ‘‘നിങ്ങൾ അന്നതു മുഴുവനായി വാങ്ങി നിർമിക്കാനാരംഭിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ ഞങ്ങളിൽനിന്ന് ഈ വിമാനം വാങ്ങിയ എല്ലാ വ്യോമസേനകളും സാങ്കേതികസഹായത്തിനായി നിങ്ങളെ ആശ്രയിക്കേണ്ടിവരുമായിരുന്നു.
റഫാലിന്റെ കാര്യത്തിൽ അങ്ങനെയുള്ള രാഷ്‌ട്രീയപ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പാക്കാം. പക്ഷേ, ബാക്കി 90 വിമാനങ്ങൾക്കും അവയുടെ തുടർപതിപ്പിനുമായി തേജസിന്റെ രണ്ടാം പതിപ്പു സമയത്തിനുള്ളിൽ തയാറാകുമോ? അതാവുമെന്നുള്ള ശുഭാപ്‌തിവിശ്വാസത്തിന്റെ അടിസ്‌ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സാഹസികമായ ചുവടുവയ്പാണു നടത്തിയിരിക്കുന്നത്. അതു ജയിച്ചാൽ ഇന്ത്യയ്ക്കു വൻ നേട്ടം തന്നെ. തൽക്കാലാവശ്യത്തിനു വിലകുറച്ച് അത്യാധുനിക പോർവിമാനങ്ങൾ കിട്ടും; ദീർഘകാലാവശ്യത്തിനു നമുക്ക് ഇഷ്ടംപോലെ നിർമിച്ചെടുക്കുകയുമാവാം.

അല്ലെങ്കിലോ? വീണ്ടും പുതിയൊരു വിമാനത്തിനായി അന്വേഷണം തുടങ്ങണം. അല്ലെങ്കിൽ ദാസാൾട്ട് നിശ്‌ചയിക്കുന്ന വിലകൊടുത്തു കൂടുതൽ വിമാനങ്ങളും സാങ്കേതികവിദ്യയും നിർമാണലൈസൻസും വാങ്ങേണ്ടിവരും.
No comments:
Post a Comment