
റഷ്യന്‍ ടെലസ്‌കോപ് പിടിച്ചെടുത്ത അതിശക്തമായ സിഗ്നലുകളാണ് അന്യഗ്രഹ ജീവന്‍ തേടുന്നവരിലെ പ്രധാന ചര്‍ച്ചാവിഷയം. ഭൂമിയില്‍ നിന്നും 94 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രത്തിന്റെ പരിസരത്തുനിന്നാണ് ഈ സിഗ്നല്‍ എത്തിയത്. ഇത് അവിടെ ജീവനുണ്ടെന്നതിന്റെ തെളിവാണെന്നാണ് ഒരു വിഭാഗം പ്രപഞ്ച ശാസ്ത്രജ്ഞരുടെ വാദം.
എച്ച്ഡി 164595 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തില്‍ നിന്നാണ് ശക്തമായ സിഗ്നല്‍ റഷ്യന്‍ ടെലസ്‌കോപ് പിടിച്ചെടുത്തത്. സൂര്യന് സമാനമായ നക്ഷത്രത്തില്‍ നിന്നാണ് ഈ സിഗ്നല്‍ പിടിച്ചെടുത്തത്. ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെങ്കില്‍ അന്യഗ്രഹജീവന്റെ പ്രധാന തെളിവാണെന്നാണ് കരുതപ്പെടുന്നത്. ഒരേസമയം ആശങ്കയോടെയും പ്രതീക്ഷയോടെയുമാണ് ശാസ്ത്രലോകം ഈ സംഭവത്തെ കാണുന്നത്. അന്യഗ്രഹ ജീവന്‍ സ്ഥിരീകരിക്കാനായാല്‍ മനുഷ്യരേക്കാള്‍ സാങ്കേതികമായി വളരെയധികം വളര്‍ച്ച പ്രാപിച്ച ജീവ സമൂഹമാകും ഇവരുടേത്. അതുകൊണ്ടുതന്നെ എങ്ങനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ല.
റഷ്യന്‍ ടെലസ്‌കോപ് ഒരിക്കല്‍പിടിച്ചെടുത്തു എന്നതൊഴിച്ചാല്‍ പിന്നീട് ഈ സിഗ്നല്‍ കണ്ടെത്താനായിട്ടില്ലെന്നതാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നത്. എങ്കിലും പ്രപഞ്ചശാസ്ത്രജ്ഞര്‍ ഒരുകാര്യം ഉറപ്പിച്ചുപറയുന്നുണ്ട്. 94 പ്രകാശവര്‍ഷം അകലെ നിന്ന് സിഗ്നല്‍ അയക്കാന്‍ ശേഷിയുള്ള അന്യഗ്രഹജീവികളാണെങ്കില്‍ തീര്‍ച്ചയായും അവ മനുഷ്യരേക്കാള്‍ എല്ലാ അര്‍ഥത്തിലും പുരോഗതി പ്രാപിച്ച സമൂഹമായിരിക്കും. മനുഷ്യരേയും ഭൂമിയേയും കോളനിയാക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല.
ടൈപ്പ് 2 സംസ്‌ക്കാരമായി വേണം ഈ അന്യഗ്രഹജീവികളെ കാണാനെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സോവിയറ്റ് യൂണിയന്‍ ബഹിരാകാശ സഞ്ചാരിയായിരുന്ന കര്‍ഡാഷേവ് ആണ് സാങ്കേതിക തികവിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാരങ്ങളെ തരം തിരിച്ചത്. നിലവില്‍ മനുഷ്യ സംസ്‌ക്കാരം ടൈപ്പ് 1 ആണെന്നാണ് കരുതപ്പെടുന്നത്. സ്വന്തം ഗ്രഹത്തില്‍ നിന്നുള്ള ഊര്‍ജ്ജങ്ങള്‍ പലരൂപത്തില്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിക്കുന്നതാണ് ഇതിന് കാരണം. അതേസമയം ടൈപ്പ് 2വിലെ സംസ്‌ക്കാരങ്ങള്‍ അവരുടെ നക്ഷത്രങ്ങളുടെ ഊര്‍ജ്ജം അതേ അളവില്‍ പുനരുപയോഗിക്കാന്‍ ശേഷിയുള്ളവയായിരിക്കും.
എന്തുകൊണ്ടായിരിക്കും അന്യഗ്രഹജീവികള്‍ നമ്മുടെ സൗരയൂഥത്തെ ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ ഉത്തരമില്ല. അവരും മനുഷ്യരെ പോലെ അന്യഗ്രഹ ജീവന്‍ തേടുന്നതിന്റെ ഭാഗമാകാമെന്നതാണ് ഒരു സാധ്യത. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി നമ്മുടെ സൗരയൂഥത്തിലും ഇവരുടെ സിഗ്നലുകള്‍ എത്തിയതാകാം. റഷ്യന്‍ ടെലസ്‌കോപ് പിടിച്ചെടുത്ത സിഗ്നല്‍ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഒരുവിഭാഗം പ്രപഞ്ച ശാസ്ത്രജ്ഞര്‍. അതുവരെ ഈ സിഗ്നല്‍ അന്യഗ്രഹജീവികളുടേതാണോ എന്ന് നമുക്ക് ഉറപ്പിക്കാനാവില്ല.
അന്യഗ്രഹജീവികളോട് അടുക്കല്ലേ!: സ്റ്റീഫൻ ഹോക്കിങ്
അന്യഗ്രഹജീവികളോട് അടുക്കരുതേ! നാം ബാക്ടീരിയയെ കാണുന്നതുപോലെയേ അവർക്കു നമ്മെ കണ്ടാൽ തോന്നൂ– വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അഭിപ്രായമാണിത്. അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസുമായി ആദ്യം മുഖാമുഖം കണ്ട തദ്ദേശവാസികളുടെ പ്രതികരണം മോശമായിരുന്നുവെന്നു അദ്ദേഹം ഓർമിപ്പിച്ചു. മനുഷ്യരേക്കാളും സാങ്കേതികമായി വളരെയേറെ പുരോഗതി പ്രാപിച്ചതായിരിക്കാം അന്യഗ്രഹജീവികൾ. ഒരുപക്ഷേ, നൂറു കോടിയോ അതിലുമധികമോ വർഷം മുന്നിലായിരിക്കും അവർ. പ്രതികൂല മനഃസ്ഥിതിയുള്ള അന്യഗ്രഹജീവികളെപ്പറ്റി മുൻപും ഹോക്കിങ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇഷ്ടസ്ഥലങ്ങൾ’ എന്ന പേരിലുള്ള സിനിമയിൽ ഹോക്കിങ് എന്ന ബഹിരാകാശക്കപ്പലിലൂടെ അഞ്ചു സ്ഥലത്തേയ്ക്കാണ് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നത്. 16 പ്രകാശ വർഷം അകലെയുള്ളതും വാസയോഗ്യമെന്നു കരുതുന്നതുമായ ഗ്ളീസ് 832സി എന്ന ഗ്രഹത്തിലേക്കു യാത്ര ചെയ്യുന്ന അദ്ദേഹം പറയുന്നു: ‘ഒരു നാൾ ഇവിടെ നിന്നു നമുക്ക് ഒരു സിഗ്നൽ ലഭിച്ചേക്കാം. പക്ഷേ, മറുപടി കൊടുക്കാതിരിക്കുന്നതാവും നന്ന്. കാരണം അവിടത്തുകാർ നമ്മേക്കാൾ അതിശക്തരായിരിക്കും. രോഗാണുവിനെ കാണുന്നതുപോലെയേ അവർക്കു തോന്നൂ.’
‘പ്രായമേറുന്തോറും നാം ഇവിടെ ഒറ്റയ്ക്കല്ലെന്ന തോന്നൽ എനിക്കു കൂടിവരുകയാണ്. അതുകൊണ്ടാണ് അന്യഗ്രഹവാസികളെ കണ്ടെത്താനുള്ള ആഗോള പദ്ധതിക്കു തുടക്കമിടാൻ തയാറായത്. ഈ പദ്ധതിയിലൂടെ ഭൂമിയോട് അടുത്തുള്ള ലക്ഷക്കണക്കിനു ഗ്രഹങ്ങളിൽ ജീവന്റെ അംശം തേടുകയാണ്– ഹോക്കിങ് പറയുന്നു.
No comments:
Post a Comment